‘കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും.. സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട്’; ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Coorilose Geevarghese post about Abhaya

അഭയ കൊലക്കേസിന്റെ കോടതി വിധിയിൽ പ്രതികരണവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അഭയാ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജു സത്യത്തില്‍ വിശുദ്ധനാണെന്നാണ് മാര്‍ കൂറിലോസ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.‘കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍’ എന്ന് വിളിക്കാമായിരിക്കും… സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട്,’ എന്നും അദ്ദേഹം കുറിച്ചു.

സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. കേസില്‍ മൂന്നാം സാക്ഷിയായിരുന്നു രാജു. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു വിധിക്ക് പിന്നാലെ രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആദ്യം മൊഴി പറഞ്ഞ സമയത്ത് എനിക്ക് ധാരാളം വാഗ്ദാനങ്ങള്‍ വന്നിരുന്നുവെന്നും, കോടികളാണ് തനിക്ക് ആളുകള്‍ ഓഫര്‍ ചെയ്തതെന്നും രാജു വെളിപ്പെടുത്തിയിരുന്നു. അതേസമയം, ആരുടെയും കൈയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. ഞാന്‍ ഇന്നും കോളനിയിലാണ് താമസിക്കുന്നതെന്നും രാജു പറഞ്ഞു. അപ്പനായിട്ട് പറയുകയാണ്. എന്റെ കുഞ്ഞിന് നീതി കിട്ടി. എനിക്ക് ഭയങ്കര സന്തോഷമുണ്ടെന്നും രാജു പറഞ്ഞു. ഇന്ന് കേരളക്കര കേട്ടതും നെഞ്ചോട് ചേര്‍ക്കുന്നതും രാജുവിന്റെ ഈ വാക്കുകളാണ്. ഇതിന് പിന്നാലെയാണ് ബിഷപ്പിന്റെയും പ്രതികരണം.

Content Highlights; Coorilose Geevarghese post about Abhaya