അഭയ കൊലക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, അഞ്ചുലക്ഷം രൂപ വീതം പിഴ

തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വധിക്കുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധിക പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇരുപത്തിയെട്ടു വര്‍ഷം നീണ്ട അന്വേഷണ പരീക്ഷണങ്ങളും അട്ടിമറി നാടകങ്ങളും കടന്ന് ഇന്നലെയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ പ്രതികളെ കോടതിയില്‍ എത്തിച്ചിരുന്നു. പ്രതികളെ ആശ്വസിപ്പിക്കാന്‍ ഇന്നലെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നെങ്കിലും ഇന്ന് അവരാരും എത്തിയിരുന്നില്ല. നിയമവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ വിധികേള്‍ക്കാന്‍ എത്തിയവരെക്കൊണ്ട് കോടതിമുറി തിങ്ങിനിറഞ്ഞിരുന്നു. കണ്ണടച്ചുനിന്നാണ് സെഫി വാദങ്ങളും ശിക്ഷാവിധിയും കേട്ടത്. ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നാണ് ഫാ. തോമസ് കോട്ടൂര്‍ വിധി കേട്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വകേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂര്‍ അര്‍ബുദരോഗിയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നും സെഫിയും ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച് വിധി പറയാനായി മാറ്റുകയായിരുന്നു.

Content Highlight: Punishment for Sister Abhaya Murder declared