അഭയ കേസില്‍ അന്വേഷണത്തിനിടെ തെളിവുകള്‍ നശിപ്പിച്ചതിന് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിളിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടു. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മൈക്കിള്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൊല്ലപ്പെട്ട സമയത്ത് സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വകാര്യ ഡയറി, എന്നിവ സി.ബി.ഐക്ക് കെ.ടി. മൈക്കിള്‍ കൈമാറാതെ നശിപ്പിക്കുകയായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ്, ആര്‍.ഡി.ഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന തൊണ്ടിമുതലുകളാണ് മൈക്കിളിൻ്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി കെ.സാമുവല്‍ ഏറ്റുവാങ്ങിയത്. പിന്നീട് ഇവ സി.ബി.ഐക്ക് കൈമാറിയില്ല.
അഭയ വിഷാദ രോഗം കാരണം ആത്മഹത്യ ചെയ്തതാണെന്നും 90 ശതമാനവും അഭയയുടേത് ആത്മഹത്യയാണെന്നും യാതൊരു ബലപ്രയോഗവും നടന്നിട്ടില്ലെന്നും അന്ന് മെക്കിൾ പറഞ്ഞിരുന്നു. ‘സംഭവ ദിവസം കോണ്‍വെൻ്റിലെ അടുക്കളയില്‍ വന്നപ്പോള്‍ പെട്ടെന്ന് വിഷാദം വന്നതാകാം. ഇരുട്ടും മറ്റും കണ്ട് ഇതാണ് നല്ല സമയമെന്ന് അഭയയ്ക്ക് തോന്നിയിട്ടുണ്ടാകും. മനസില്‍ താലോലിച്ചുവന്ന ഒരു സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല അവസരം. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ചെരിപ്പൊക്കെ പോയി, ശിരോവസ്ത്രം ഉടക്കി, വെളിയിലിറങ്ങി കുറ്റിയിട്ടു, കിണറിൻ്റെ പാരപ്പറ്റില്‍ കേറി ഇരുന്ന്, ഊര്‍ന്ന് താഴോട്ട് വീണു’, അഭയയുടെ മരണം സംബന്ധിച്ച് കെ.ടി.മൈക്കിളിന്റെ അന്ന് പറഞ്ഞിരുന്ന വാദം ഇതായിരുന്നു.
content highlights: Abhaya Case Court Recommended Action Against Rt SP Michael