ഹരിയാന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; 13 കര്‍ഷകര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുത്തു

Haryana Police Registers Case Against 13 Farmers For 'Blocking' CM Khattar’s Convoy

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ വാഹനം തടഞ്ഞ സംഭവത്തിൽ കര്‍ഷകര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുത്ത് ഹരിയാന പൊലീസ്. 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ക്ക് നേരെ കര്‍ഷകര്‍ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത്. ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ഖട്ടര്‍. 

കര്‍ഷക പ്രതിഷേധം തടയാന്‍ പ്രദേശത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഹരിയാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെങ്കിലും ചൊവ്വാഴ്ച മുതല്‍ പ്രദേശത്തേക്ക് പ്രതിഷേധത്തിനായി കര്‍ഷകര്‍ എത്തുകയായിരുന്നു. അംബാലയിലെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ ഖട്ടറുടെ വാഹനവ്യൂഹത്തെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. 

അതേസമയം, കര്‍ഷകരെ അനുനയിപ്പിക്കാൻ ഡല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. മധ്യപ്രദേശിലെ കര്‍ഷകരെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

content highlights: Haryana Police Registers Case Against 13 Farmers For ‘Blocking’ CM Khattar’s Convoy