‘വിരാട് കോഹ്‌ലിക്ക് ഒരു നിയമവും നടരാജന് മറ്റൊരു നിയമവും’; ഇന്ത്യന്‍ ടീമില്‍ സമത്വമില്ലെന്ന് സുനില്‍ ഗവാസ്‌കര്‍

There is a ‘Divide’ Within the Indian Team, Hints Sunil Gavaskar

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ സമത്വമില്ലെന്ന് മുൻ നായകനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഒരു നിയമവും പുതുമുഖ താരം നടരാജന് മറ്റൊരു നിയമവുമാണെന്ന് സുനിൽ ഗവാസ്കർ കുറ്റപ്പെടുത്തി.

”ഐ.പി.എൽ പ്ലേ ഓഫ്​ നടക്കുമ്പോഴാണ്​ നടരാജന്​ പെൺകുഞ്ഞ്​ പിറന്നത്​. അദ്ദേഹത്തെ യു.എ.ഇയിൽ നിന്നും നേരിട്ട്​ ആസ്​ട്രേലിയൻ പര്യടനത്തിലേക്ക്​ കൊണ്ടുപോയി. മികച്ച പ്രകടനത്തിന്​ ശേഷം അദ്ദേഹത്തോട്​ ടെസ്റ്റ്​ ടീമിലില്ലാതിരുന്നിട്ടും നെറ്റ്​ ബൗളറായി തുടരാൻ ആവശ്യപ്പെട്ടു​​. അതുകൊണ്ട്​ തന്നെ അദ്ദേഹത്തിന്​ ഇന്ത്യൻ ടീം നാട്ടിലേക്ക്​ മടങ്ങിയ ശേഷം ജനുവരി അവസാനത്തോടെ മാത്രമേ മകളെ കാണാൻ കഴിയൂ. അതേ സമയം ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി ആദ്യ ടെസ്റ്റിന്​ ശേഷം കുഞ്ഞിനെ കാണാനായി മടങ്ങുകയാണ്​. അതാണ്​ ഇന്ത്യൻ ക്രിക്കറ്റ്​. വ്യത്യസ്​ത താരങ്ങൾക്ക്​ വ്യത്യസ്​ത നിയമമാണ്​. നിങ്ങൾ​ക്ക്​ എന്നെ വിശ്വാസമില്ലെങ്കിൽ നടരാജനോടും അശ്വിനോടും ചോദിച്ചുനോക്കൂ” ഗവാസ്കർ പറഞ്ഞു.

അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം ഡിസംബര്‍ 22 -നാണ് ഇന്ത്യന്‍ നായകന്‍ ഇന്ത്യയിലേക്ക് തിരിച്ചു വിമാനം കയറിയത്. പരമ്പരയില്‍ ബാക്കിയുള്ള അടുത്ത മൂന്നു ടെസ്റ്റ് മത്സരങ്ങളിലും ടീം ഇന്ത്യയെ അജിങ്ക്യ രഹാനെ നയിക്കും. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നായകനും ടീമിലെ അരങ്ങേറ്റക്കാരനും രണ്ടു നിയമമെന്നാണ് ഗവാസ്‌കര്‍ വിലയിരുത്തുന്നത്.

Content Highlights; There is a ‘Divide’ Within the Indian Team, Hints Sunil Gavaskar