വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്നും നടന് ദേവന്. പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും കൗമുദി ചാനലിന് നല്കിയ അഭിമുഖത്തില്‍ ദേവന് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കും. 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കും. രാഷ്ട്രീയം മലിനമാക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് മാറ്റാന്‍ കഴിയില്ല. ശുദ്ധികലശം വേണം. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ദേവന് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനായി ചിലവഴിച്ച പണം മൂലധനമാണെന്നും മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതെന്നും ദേവന് പറഞ്ഞു. 2004ല്‍ വടക്കാഞ്ചേരിയില്‍ മത്സരിച്ചത് ആശയ പ്രചരണത്തിന് വേണ്ടിയായിരുന്നു. എന്നാൽ ഇപ്പോള്‍ വിജയിക്കാനാണ് മത്സരിക്കുന്നതെന്നും ദേവൻ വ്യക്തമാക്കി.
പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും വി.എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്ക്കുകയായിരുന്നു. ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു അവര്‍. അത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണം ഇതാണെന്നും ദേവൻ പറഞ്ഞു.
content highlights: Nava Kerala People’s Party win more than 6 seats in Kerala assembly election says actor Devan