കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക്; ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് ബഹിഷ്‌കരിക്കും

Farmer leaders decide to resume talks with govt, propose meeting on December 29

കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിക്കുക. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചു കൊണ്ട് പ്രതിഷേധിക്കാനാണ് തീരുമാനം. അതേസമയം ചൊവ്വാഴ്ച രാവിലെ 11-ന് ചർച്ചയ്ക്കു തയ്യാറാണെന്ന് സംയുക്ത കിസാൻ മോർച്ച കേന്ദ്ര സർക്കാരിനെ അറിയിച്ചു. 

മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കാനുള്ള നടപടിയെടുക്കുക, ദേശീയ തലസ്ഥാന മേഖലയിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപ വരെ പിഴശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയിൽനിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതി ബിൽ പിൻവലിക്കുക എന്നിവയാണ്‌ ചർച്ചയ്ക്ക് കിസാൻ മോർച്ച മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങൾ.

നവംബർ 26-നാരംഭിച്ച കർഷകപ്രക്ഷോഭം ശനിയാഴ്ച ഒരുമാസം പൂർത്തിയായപ്പോൾ കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലേക്ക്‌ എത്തുകയാണ്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് കിസാൻസഭയുടെ നേതൃത്വത്തിൽ 1000 കിലോമീറ്റർ സഞ്ചരിച്ചുള്ള ‘ഡൽഹി ചലോ’ മാർച്ച് ഡൽഹി-ജയ്‌പുർ ദേശീയപാതയിലെ ഷാജഹാൻപുരിൽ എത്തിച്ചേർന്നിട്ടുണ്ട്. രണ്ടാഴ്ചയോളമായി ഇവിടം ഉപരോധിക്കുകയാണ് കർഷകർ.

content highlights: Farmer leaders decide to resume talks with govt, propose meeting on December 29