കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച തന്നെ നടക്കും. ഗവര്‍ണറും സര്‍ക്കാരും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് സഭ നിശ്ചിത തീയതിയില്‍ ചേരുക. അടിയന്തര സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചു.
സഭ ചേരേണ്ട അടിയന്തര പ്രാധാന്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അടിയന്തര പ്രാധാന്യം വിശദീകരിച്ച് മുഖ്യമന്ത്രി മറുപടി നൽകി. വ്യാഴാഴ്ച സഭാ സമ്മേളനം വിളിക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ. 23ന് ചേരാന്‍ നിശ്ചയിച്ച നിയമസഭാ സമ്മേളനം ഗവര്‍ണറുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു .തുടർന്ന് 31ന് വീണ്ടും സഭ ചേരാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ഈ വിജ്ഞാപനത്തിൽ ഗവർണർ ഒപ്പിടുമെന്നാണ് സൂചന.
ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ഗവർണറുമായി ചർച്ച നടത്തി. സമ്മേളനം ചേരുന്നത് എന്തിനാണെന്ന് വിശദമായി അറിയിക്കാത്തതിലാണ് വിഷമമെന്ന് ഗവർണർ അവരോട് പറഞ്ഞു. പ്രമേയം എന്തെന്നതല്ല പ്രശ്‌നം. ഭരണഘടനാത്തലവൻ എന്ന നിലയിൽ എന്തിനാണ് സമ്മേളനം ചേരുന്നതെന്ന് താൻ അറിഞ്ഞിരിക്കണമെന്നും ഗവർണർ അവരോട് പറഞ്ഞിരുന്നു. ഗവർണറുടെ അഭിപ്രായം മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് ശനിയാഴ്ച മുഖ്യമന്ത്രി ഗവർണർക്ക് വീണ്ടും കത്തയച്ചത്. സമ്മേളനത്തിനുള്ള അടിയന്തര സാഹചര്യം മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
content highlights: Special Assembly session on Thursday against Central farm law