നിയമസഭ പ്രത്യേക സമ്മേളനം കൂടാന്‍ ഒടുവില്‍ അനുമതി നല്‍കി ഗവര്‍ണര്‍; സമ്മേളനം 31 ന്

തിരുവനന്തപുരം: ഒടുവില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം 31നാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുക. ഒരു മണിക്കൂറായിരിക്കും സമ്മേളനം.

അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ കാരണം ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നു പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് നേരത്തെ അനുമതി നിഷേധിച്ചത്. എന്നാല്‍ സ്പീക്കറുമായുളള കൂടിക്കാഴ്ചയില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ഗവര്‍ണര്‍ സ്പീക്കറെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാജ്ഭവന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി തീരുമാനം അറിയിച്ചത്. അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ പ്രാധാന്യം ഗവര്‍ണറെ ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു എന്നാണ് വിവരം.

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കാര്‍ഷിക നിയമങ്ങള്‍ കേരളത്തെ എങ്ങനെ ബാധിക്കും എന്നത് അടക്കമുളള കാര്യങ്ങള്‍ ഗവര്‍ണറെ സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തി. മന്ത്രി എ കെ ബാലനും വി എസ് സുനില്‍കുമാറും ക്രിസ്മസ് കേക്കുമായി ചെന്നാണ് ഗവര്‍ണറെ സമവായത്തിന്റെ പാതയിലേക്ക് എത്തിച്ചത്.

Content Highlight: Kerala Governor give permission for Special Assembly Session