വീട്ടുജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്‌ളാറ്റുടമ അറസ്റ്റിൽ. അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ ആയിരുന്ന ഇംത്യാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടുന്നതിനിടെ തമിഴ്നാട് സ്വദേശിനിയായ കുമാരി ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി നാലാം ദിവസം മരിച്ചു. പിന്നാലെ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പക്കല്‍ തുടങ്ങിയവയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കുമാരിയെ വീട്ടിൽ പോകാൻ അനുവദിക്കാതെ ഇംതിയാസ് ഫ്ളാറ്റിൽ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നൽകിയിരുന്നു. ഫ്‌ളാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിന്റെ കുടുംബം തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ മൊഴി നൽകി. കേസില്‍ നിന്നും പിന്മാറാനായി പണം വാഗ്ദാനം ചെയ്‌തെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
content highlights: Kochi housemaid death, flat owner arrested