നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. വസന്ത കരുതൽ തടങ്കലിലാണെന്നും പൊലീസ് വ്യക്തമാക്കി. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്തയുടെ വീടിന് മുന്നില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.
ക്രമസമാധാന പ്രശ്നമുള്ളതിനാൽ വസന്തയെ സ്ഥലത്തുനിന്നു മാറ്റാൻ സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍ദേശിച്ചിരുന്നു. വസന്തയെ വീട്ടിൽ നിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. കോടതി ഒഴിപ്പിക്കണമെന്നു പറഞ്ഞ സ്ഥലത്താണ് രാജനെ സംസ്കരിച്ചത്. അമ്പിളിയെയും ഇവിടെ സംസ്കരിക്കും.
അതേസമയം തർക്കത്തിലുള്ള ഭൂമി വിട്ടു നൽകില്ലെന്നു വസന്ത പറഞ്ഞു. ഭൂമി തന്റേതാണെന്നു നിയമപരമായി തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചതിനാൽ ഭൂമി വിട്ടു നൽകില്ലെന്നും വസന്ത പറഞ്ഞു. ആദ്യം ഭൂമി വിട്ടു നൽകുമെന്ന് പറഞ്ഞ വസന്ത പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
content highlights: Neyyatinkara Self Immolation case: Vasantha in police custody