നെയ്യാറ്റിൻകര രാജൻ്റെ മക്കളുടെ പരാതിയിൽ അന്വേഷണം; വസന്തയുടെ പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കും

Neyyattinkara Self Immolation - Enquiry on Vasantha's pattayam

നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജന്റെ മക്കളുടെ പരാതിയില്‍ അന്വേഷണം നടത്തും. പരാതി നൽകിയ അയൽക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. നെയ്യാറ്റിൻകര തഹസിൽദാരോട് കലക്ടർ റിപ്പോർട്ട് തേടി. ലക്ഷംവീട് കോളനിയിൽ രാജനും കുടുംബവും ഒന്നര വർഷമായി താമസിക്കുന്ന ഭൂമി തന്റേ‍താണെന്ന് സമീപവാസി വസന്ത ഒരു വർഷം മുൻപ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. വില‍യ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുമാണ് വസന്തയുടെ വാദം. എന്നാൽ, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരിൽ വേറെ ഭൂമി ഇല്ലെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 

അതേസമയം മാതാപിതാക്കളെ അടക്കം ചെയ്ത ഭൂമി അന്യാധീനപ്പെട്ട് പോകാതെ മക്കള്‍ക്ക് ലഭിക്കാന്‍ കഴിയുന്നതെല്ലാം ചെയ്ത് നല്‍കുമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു. പട്ടികജാതി വിഭാഗത്തിന് അനുവദിച്ച ഭൂമിയാണ് പലരും വിറ്റ് കൈമറിഞ്ഞു പോകുന്നതെന്ന് ആന്‍സലന്‍ എം.എല്‍.എ ആരോപിച്ചു. കോടതി ഉത്തരവിനെ എങ്ങനെ നേരിടണമെന്ന് വിശദമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് രാജന്റെയും അമ്പിളിയുടെയും മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. 70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.

content highlights: Neyyattinkara Self Immolation – Enquiry on Vasantha’s pattayam