കേരളത്തിലെ ആദ്യ വനതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആർ ശ്രീലേഖ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവർ. കേരളത്തിലെ ഐപിഎസ് കേഡറിൽ എത്തിയ ആദ്യ വനിത. സിവിൽ സർവ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പോലീസിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവിന് പ്രേരകമായ പേരാണ് ആർ ശ്രീലേഖ. 33 വർഷത്തെ സർവ്വീസ് ജീവിതത്തിനിടയിൽ പോലീസിനകത്തും പുറത്തുമായി നിരവധി പദവികൾ വഹിച്ചു.
പോലീസുദ്യോഗസ്ഥ എന്നതിനപ്പുറം എഴുത്തുകാരിയുമായി തിളങ്ങി. ചേർത്തല എഎസ്പി ആയാണ് തുടക്കം കുറിക്കുന്നത്. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്പിയായി. പിന്നീട് സിബിഐയിൽ അഞ്ച് വർഷം എസ്പിയായി പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തു. വിജിലൻസിൽ മുന്നൽ പരിശോധനകൾക്ക് തുടക്കമിടുന്നത് ആർ ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്.
കൺസ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ്ണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷ്ണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽ മേധാവിയായിരിക്കെ തടവുകാരുടെ പുനരധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി മറ്റ് പദ്ധതികൾക്കും തുടക്കം കുറിച്ചു. ഫയർ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നാണ് കേരളത്തിന്റെ ആദ്യ വനിത ഡിജിപിയുടെ പടിയിറക്കം. പോലീസ് സേനയുടെയോ ഐപിഎസ് അസോസിയേഷന്റെയോ ഒരു യാത്രയയപ്പ് ചടങ്ങുകളും വേണ്ടെന്ന് രേഖാ മൂലം അറിയിച്ചു കൊണ്ടാണ് മടക്കം.
Content Highlights; first woman IPS officer of Kerala dgp R Sree Kala retires today