കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധര്‍: ഒ. രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. 2020ലെ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ ഉറപ്പ് നല്‍കിക്കൊണ്ട് കൊണ്ടുവന്നവയാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ എവിടെയും കൊണ്ട് പോയി വില്‍പന ചെയ്യാന്‍ സാധിക്കുന്നതാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. ഈ നിയമം കോണ്‍ഗ്രസ് മുന്‍പ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സി.പി.ഐ.എം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയത്.

ചിലര്‍ക്ക് ഏത് വിഷയം വന്നാലും മോദിയെ വിമര്‍ശിക്കണം. സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നാണ് ഇവിടെ നേരത്തെ പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയോട് രാഷ്ട്രീയ നേതാക്കന്‍മാര്‍ പറഞ്ഞത് ആദ്യം നിയമങ്ങള്‍ പിന്‍വലിക്കെട്ട, എന്നിട്ട് നോക്കാം എന്നാണ്. അധികൃതരും യഥാര്‍ത്ഥ കര്‍ഷക പ്രതിനിധികളും ചേര്‍ന്നിരുന്ന് വേണം ചര്‍ച്ചകള്‍ നടത്താന്‍. സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉപകാരപ്രദമാകും എന്നാണ് കരുതുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

Content Highlight: MLA O Rajagopal in support with PM on Farm bill