കേന്ദ്രത്തിന്റെ കാർഷിക പരിഷ്കരണനിയമത്തിനെതിരെ നിയമസഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി. കേന്ദ്ര നിയമം വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും, കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ വിമർശിക്കണമെന്ന പ്രതിപക്ഷ ഭേദഗതി തള്ളി. പ്രമേയത്തിന്റെ ഉള്ളടക്കത്തോട് യോജിക്കുന്നുവെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു.
അതേസമയം കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേകം നിയമം കൊണ്ടു വരാനാകാത്തത് ലജ്ജാകരമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞു. പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുകയാണ് എന്നും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കവേ മുഖ്യമന്ത്രി കുറ്റപെടുത്തി. കൂടാതെ മൂന്ന് വിവാദ നിയമങ്ങളും പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപെട്ടു.
ഗ്രാമച്ചന്തകള്‍ (മണ്ഡി) തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാറിന്റേത്. കര്‍ഷകരുടേത് ഐതിഹാസിക സമരമാണ്. ഇതുവരെ കാണാത്ത ഇച്ഛാശക്തിയാണ് സമരത്തിനുള്ളത്. പുതിയ നിയമങ്ങള്‍ പ്രകാരം ഗ്രാമച്ചന്തകള്‍ക്ക് പകരം കോര്‍പറേറ്റ് ഔട്ട്ലറ്റുകളാണ് വരിക. കോര്‍പറേറ്റുകളോട് യുദ്ധം ചെയ്യാനുള്ള ശേഷി കര്‍ഷകര്‍ക്കില്ല. കര്‍ഷകര്‍ക്ക് ന്യായ വില ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടു വരണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിയമം കൊണ്ടു വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights; special assembly session against farmers law