തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയുന്നതിനുള്ള സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് നടക്കും. ഒരു ദിവസത്തെ പ്രത്യേക സമ്മേളനമാണ് ചേരുക. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് ഇന്ന് നടക്കുന്നത്. രാവിലെ ഒന്‍പത് മണി മുതലായിരിക്കും സമ്മേളനം നടക്കുക. നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിക്കും. പ്രമേയത്തെ യുഡിഎഫ് അനുകൂലിക്കുമെങ്കിലും ബിജെപി അംഗം ഒ. രാജഗോപാല്‍ എതിര്‍ക്കും.
കാര്‍ഷിക നിയമം തള്ളിക്കളയുന്നതിനുള്ള പ്രത്യേക നിയമസഭ ചേരുന്നതിനെ ആദ്യം സംസ്ഥാന ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. നീണ്ട എതിര്‍പ്പിന് ശേഷമാണു സഭാ സമ്മേളനം ചേരുന്നതിനായുള്ള അനുവാദം ഗവര്‍ണര്‍ നല്‍കിയത്. ഒരു മണിക്കൂര്‍ നീണ്ട് നില്ക്കുന്ന സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിക്കുക.
അതേസമയം കഴിഞ്ഞ ദിവസം കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
Content Highlight: Special Assembly Session will conduct today