നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് 

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണ് നടപടി. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. 

വീടൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ കണ്‍മുന്നില്‍ നെയ്യാറ്റികര സ്വദേശികളായ രാജനും അമ്പിളിയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോടതി നടപടിക്കെത്തിയ പൊലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴി. 

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽക്കാരിയായ വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്.

content highlights: Neyyattinkara suicide case – Investigation handed over to Crime Branch