തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തിന് എത്ര വാക്സിന് യൂണിറ്റുകള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പേരൂര്‍കടയിലെ ഡ്രൈറണ്‍ കേന്ദ്രം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പറഞ്ഞു. കോവിഷീല്‍ഡ് വാക്സിനെ കുറിച്ച് ആശങ്കകളില്ലെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ നാല് ജില്ലകളിലാണ് കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ തുടങ്ങിയത്. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച ഡ്രൈ റണ്‍ 11ന് അവസാനിക്കും. വാക്സില്‍ കുത്തിവെപ്പിന് മുന്നോടിയായുള്ള നടപടി ക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമെന്ന് പരിശോധിക്കുകയാണ് ട്രയല്‍ റണ്‍ നടത്തുക വഴി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ വാക്സിന് ലഭിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര് വീതം ഓരോ കേന്ദ്രത്തിലും ട്രയലില്‍ പങ്കെടുക്കും.
Content Highlight: Health Minister K K Shailaja says Kerala ready for Covid vaccine distribution