ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ നടത്തിയ കൊവിഡ് ടെസ്റ്റിലും നെഗറ്റീവ് ഫലമാണ് പുറത്തു വന്നത്. അദ്ദേഹത്തെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ശനിയാഴ്ച രാവിലെയാണ് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാത്രി ലഘുഭക്ഷണം കഴിച്ച ഗാംഗുലിക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഇന്ന് രാവിലെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 48 കാരനായ ഗാംഗുലിക്ക് രാവിലെ പ്രൈവറ്റ് ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. താമസിയാതെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗാംഗുലിക്ക് നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു.

ഗാംഗുലിയുടെ ചികിത്സക്കായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ഹൃദയ ധമനികളില്‍ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നെന്നും ഇവ നീക്കം ചെയ്യാനുള്ള സ്റ്റെന്റ് നിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്നുള്ള ഒരു കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റിനെയും ആശപത്രിയിലേക്ക് എത്തിക്കാനും തീരുമാനിച്ചു.

Content Highlight: Sourav Ganguli test Covid negative