ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചിരുന്നുവെങ്കിലും അവശത കാരണം മടങ്ങാനായില്ല. നിര്‍ജ്ജലീകരണമാണ് ആനയുടെ നില വഷളാക്കിയത്. വെറ്റിനറി സർജനെത്തി ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കിണറ്റിന് നിന്ന് പുറത്തെത്തിച്ച ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അടുത്ത പകലില്‍ ആന കാടുകയറുമെന്ന പ്രതീക്ഷ വനം വകുപ്പ് പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആനക്കാംപൊയിൽ തൊണ്ണൂറിൽ കാട്ടാനയെ കിണറ്റിൽ വീണനിലയിൽ കണ്ടെത്തിയത്. കിണറിന് 12 അടിയോളം താഴ്ച ഉണ്ടായിരുന്നു. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളത് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായി. ആന കിണറ്റില്‍ വീണിട്ട് മൂന്നു ദിവസമായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്.
content highlights: The elephant rescued from the well in Mukkam anakkampoyil has died