വാക്സിനുകള്‍ നൂറ് ശതമാനം സുരക്ഷിതം; അനുമതി നല്‍കിയത് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം: ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍

ന്യൂഡല്‍ഹി: അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി ജി സോമാനി. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരിയ തോതിലുള്ള സുരക്ഷാ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കില്‍ ഒരിക്കലും അനുമതി നല്‍കില്ല. വാക്സിനുകള്‍ നൂറ് ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലര്‍ജി എന്നിവ പോലുള്ള ചില പാര്‍ശ്വഫലങ്ങള്‍ ഏതു വാക്സിനെടുത്താലും ഉണ്ടാകുന്നതാണ്. വാക്സിനെടുക്കുന്നവര്‍ക്ക് പ്രത്യുല്‍പാദന ശേഷി ഇല്ലാതാകുമെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണെന്നും സോമാനി പറഞ്ഞു.

കൊറോണ വൈറസിനെതിരായ വാസ്‌കിന്‍ സ്വീകരിച്ചാല്‍ ഷണ്ഡത്വം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അശുതോഷ് സിന്‍ഹ പറഞ്ഞിരുന്നു. ഇതിനിടെ ആവശ്യമായ പരീക്ഷണങ്ങള്‍ നടത്താതെയാണ് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതെന്ന് ശശി തരീര്‍ എംപിയും ആരോപിച്ചിരുന്നു.

Content Highlight: Vaccines safe rumors of impotency is absolute rubbish- Somani