തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് അന്തരിച്ചു

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. കെപിസിസി സാംസ്‌കാരിക സാഹിതി ജില്ലാ ചെയര്‍മാനാണ്.

ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (കഥ) പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം, എന്നീ സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞിരുന്നു. കാക്കത്തുരുത്ത് എന്ന തുരുത്തും അവിടുത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു കാക്കത്തുരുത്ത്.

ഫ്രെയിം ടു ഫ്രെയിം ബാനറില്‍ മധുസൂദനന്‍ മാവേലിക്കര നിര്‍മിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകനായ വേണു ബി നായര്‍ ആണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തില്‍ ജീവിക്കുന്നവര്‍ തന്നെയാണ് .സിനിമയുടെ റിലീസിനായി തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചത്.

Content Highlights: Writer And Director Shaji Pandavath Passes Away