കോണ്‍ഗ്രസ്-വെല്‍ഫെയര്‍ ധാരണ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

Catholic criticizes congress- welfare alliance made Christian votes to split

യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യ ദീപം. കോണ്‍ഗ്രസ്-വെല്‍ഫെയര്‍ ധാരണ ക്രിസ്തീയ വോട്ടുകള്‍ നഷ്ടമാക്കിയെന്ന് സത്യദീപം പറയുന്നു. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്നും പ്രസിദ്ധീകരണം വിമർശിച്ചു. ക്രിസ്ത്യന്‍ വോട്ടുകളിലുണ്ടായ വിള്ളല്‍ ജോസ് കെ. മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തല്‍ തെറ്റാണെന്നും മുഖപത്രം വിലയിരുത്തുന്നു. ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാന്‍ ഇടത് മുന്നണിക്ക് സാധിച്ചെന്നും മുഖമാസികയില്‍ പറയുന്നു.

പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നല്‍കി ഒഴിഞ്ഞുമാറുകയും പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെയും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പതിവ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെയും അനുകൂലമായ രാഷ്ട്രീയാവസരത്തെ പരമാവധി പരാജയപ്പെടുത്തുകയും ചെയ്തുവെന്നും മുഖപത്രത്തിന്റെ ലേഖനത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. വികസനത്തിന്റെ കുത്തക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം അല്ലെന്ന് 20-20 മാതൃകകള്‍ തെളിയിക്കുന്നു എന്നി കാര്യങ്ങളും സത്യ ദീപം എഡിറ്റോറിയലില്‍ പറയുന്നു.

content highlights: Catholic criticizes congress- welfare alliance made Christian votes to split