നിക്ഷേപ തട്ടിപ്പ്: മൂന്നു കേസുകളില്‍ എം.സി ഖമറുദ്ദീന് ജാമ്യം

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന് ജാമ്യം. പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈകോടതി ജാമ്യം നല്‍കിയത്. എന്നാല്‍, മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ ഖമറുദ്ദീന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.

മൂന്നു മാസത്തേക്ക് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയിലാണ് ജാമ്യം. ഇത് കൂടാതെ സാധാരണ ജാമ്യത്തിന് കോടതി നിര്‍ദേശിക്കുന്ന ഉപാധികളും പാലിക്കണം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഖമറുദ്ദീന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. സാമ്പത്തിക തട്ടിപ്പില്‍ 84 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണം എന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

Content Highlight: M C Kamadudhin received bail in Fashion Gold fraud