ഉദ്ഘാടനത്തിന് മുമ്പെ പാലം തുറന്നു നൽകി; വി4 കേരള നേതാക്കൾ അറസ്റ്റിൽ

Police arrested V4 Kerala activists for opening the Vytila Flyover

ഉദ്ഘാടനത്തിന് മുൻപെ വെെറ്റില പാലം തുറന്ന് നൽകിയ വി4 കേരള സംഘടന പ്രവർത്തകരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. വി4 കേരള കൊച്ചി കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്യും.ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ വി4 പ്രവർത്തകർ തുറന്നുകൊടുത്തത്.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വി ഫോർ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത്  വാഹനങ്ങൾ മേൽപാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. ഇത്തരത്തിൽ കടത്തിവിട്ട വാഹനങ്ങൾ പാലത്തിൻ്റെ മറുവശത്ത് എത്തിയപ്പോൾ അവിടെ ബാരിക്കേഡുകൾ ഉണ്ടായിരുന്നതിനാൽ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൊലീസ് കണക്കാക്കുന്നത്. പണി പൂർത്തിയാക്കാത്ത പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതിന് മുമ്പും വി4 കേരള കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. 

content highlights: Police arrested V4 Kerala activists for opening the Vytila Flyover