കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ മർദനമേറ്റ ആരോപണത്തിൽ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ശുപാർശ. സംഭവത്തിൽ മെഡിക്കൽ രേഖകളക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡിഐജി പറഞ്ഞു. തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജയിൽ വകുപ്പ് അത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ജയിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയാണ് അനവേഷണ വിധേയമായി മാറ്റുന്നത്.
ഉദ്യോഗസ്ഥൻ ടിറ്റു ജെറോമിനെ മർദിച്ചുവെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ടിറ്റു ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചീഫ് വെൽഫയർ ഓഫീസർ തുടർ നടപടി സ്വീകരിക്കും. തടവുകാർക്ക് ജയിൽ മാറ്റം ആവശ്യമെങ്കിൽ അതിനുള്ള നടപടിയും സ്വീകരിക്കുമെന്നും ജയിൽ വകുപ്പ് കോടതിയെ അറിയിച്ചു. ജയിലിൽ വച്ച് പരിക്കേറ്റ ടിറ്റുവിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കെവിൻ വധക്കേസിലെ ഒമ്പതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. ജയിലിൽ കഴിയുന്ന മകനെ കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മർദ്ദന വിവരം പുറത്ത് വന്നത്.
Content Highlights; transferred 3 prison officers related to Kevin case accused tittu Jerome issue