പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസംഘം

Central team takes stock of bird flu situation

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് ഉന്നതതല കേന്ദ്ര സംഘത്തിന്റെ നിർദേശം. പക്ഷിപ്പനി സാഹചര്യവും കൊവിഡ് പ്രതിരോധ നടപടികളും വിലയിരുത്താൻ എത്തിയതാണ് സംഘം. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിനഹാജ് ആലം, ന്യൂഡൽഹിയിലെ നാഷ്ണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ എസ് കെ സിങ് എന്നിവരാണ് ഇന്നലെ ജില്ലയിലെത്തിയത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു പരിശോധനക്ക് അയയ്ക്കുന്നത് തുടരണമെന്നും ഉന്നത സംഘം ഉദ്യോഗസ്ഥരോട് ആവശ്യപെട്ടിട്ടുണ്ട്. പക്ഷിപ്പനി ബാധ കണ്ടെത്തിയ തകഴി, പള്ളിപ്പാട്, കരുവാറ്റ പ്രദേശങ്ങൾ ഇവർ സന്ദർശിച്ചു. കളക്ടർ എ അലക്സാണ്ടർ മൃഗ സംരക്ഷണം ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.

ജില്ലയിലെ കൊവിഡ് ടെസ്റ്റുകളുടെ സ്ഥിതി, കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായവരെ പിന്തുടരുന്ന രീതി, വീടുകളിലെ നിരീക്ഷണം, കൊവിഡ് ആശുപത്രികളിലെ സൌകര്യങ്ങൾ എന്നിവ സംബന്ധിച്ചും സംഘം ചോദിച്ചറിഞ്ഞു. വിനോദ സഞ്ചാര മേഖല തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘം ചൂണ്ടിക്കാട്ടി.

Content Highlights; Central team takes stock of bird flu situation