സിനിമ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കാൻ ധാരണയായി. വിനോദ നികുതിയിൽ ഇളവ് നൽകാമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. അതേസമയം സെക്കൻഡ് ഷോ നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. മറ്റ് ആവശ്യങ്ങളിൽ സർക്കാരിൽ നിന്നും അനുകൂല മറുപടി ലഭിച്ചതായി സംഘടന നേതാക്കൾ അറിയിച്ചു.
തിയറ്റർ ഉതമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ വിനോദ നികുതി, വെെദ്യുതി, ഫിക്സഡ് ചാർജ് എന്നിവയിലെ ഇളവുകൾ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ തിയറ്റർ തുറക്കേണ്ടതില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.
എന്നാൽ തിയറ്റർ തുറക്കുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സിനിമ സംഘടനകൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഇന്ന് വൈകീട്ട് ചേരുന്ന സിനിമാ തീയേറ്റര്‍ ഉടമകള്‍ അടക്കമുള്ള സംഘടനകളുടെ യോഗം ചേര്‍ന്ന് തീയേറ്ററുകള്‍ എന്നു തുറക്കാം എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
content highlights: Kerala Theatres will open soon