തിരുവനന്തപുരം: 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന താലോലം പദ്ധതിക്ക് കൂടുതല്‍ തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള പദ്ധതിക്കായി 5,29,17,000 രൂപയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കി വരുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍പാള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ് തുടങ്ങിയവയ്ക്കും ശസ്ത്രക്രിയ അടക്കമുള്ള ചെലവുകളുമാണ് താലോലം പദ്ധതി വഴി നടപ്പാക്കുന്നത്. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷ മിഷന്‍ കൗണ്‍സിലര്‍മാര്‍ മുഖേന നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്തി തുക സര്‍ക്കാര്‍ വഹിക്കുന്നത്.
കേരളത്തിലുടനീളമുള്ള 18 ആശുപത്രികളിലാണ് പദ്ധതി ആവിഷികരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല.
Content Highlight: Kerala Health Department allow 5.29 crore to Thalolam Project