വാട്സ്ആപ്പിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹെെക്കോടതി ബെഞ്ച് പിന്മാറി

Delhi High Court bench recuses itself from the petition filed against WhatsApp, next hearing on January 18

വാട്സ്ആപ്പിൻ്റെ പുതിയ ഡാറ്റാ പ്രെെവസി പോളിസി ഇന്ത്യൻ പൌരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് കാണിച്ച് നൽകിയ ഹർജിയിൽ വാദം കേൾക്കാതെ ഡൽഹി ഹെെക്കോടതി സിംഗിൽ ബെഞ്ച് പിന്മാറി. ജസ്റ്റിസ് പ്രതിഭ എം. സിങ് ആണ് പിന്മാറിയത്. ചീഫ് ജസ്റ്റിസിൻ്റെ ഉത്തരവുകൾക്ക് വിധേയമായി മറ്റൊരു സിംഗിൽ ബെഞ്ചിന് മുമ്പാകെ സമർപ്പിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് നിർദേശിച്ചു.

ഇക്കാര്യം പൊതുതാൽപര്യ ഹർജിയായി പരിഗണിക്കട്ടെയെന്നും ബെഞ്ച് നിർദേശിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ. മനോഹർലാൽ ആണ് ഹാജരായത്. വാട്സ്ആപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ഹാജരായി. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയും ഹാജരായി.

ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജനുവരി 18ന് വീണ്ടും വാദം കേൾക്കും. വാട്സ്ആപ്പിൻ്റെ പുതിയ പോളിസി ഇന്ത്യൻ മൌലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായും മറ്റ് കമ്പനികളുമായും പങ്കുവെക്കുന്നത് തടയാൻ സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. 

content highlights: Delhi High Court bench recuses itself from the petition filed against WhatsApp, next hearing on January 18