കേരള ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം; കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് അധികം തൊഴില്‍, ശമ്പളവും പെൻഷനും വർധിക്കും

Kerala budget 2021 Updates

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ബജറ്റ് അവതരണം മൂന്ന് മണിക്കൂർ പിന്നിട്ടു. രാവിലെ 9ന് തുടങ്ങിയ പ്രസംഗം ഉച്ചയ്ക്ക് 12.17ന് ആണ് അവസാനിച്ചത്. കെ.എം.മാണി രാജിവച്ചതിനെ തുട‍ർന്ന് 2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2.54 മണിക്കൂ‍ർ നേരമെടുത്ത് അവതരിപ്പിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. 

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. ശമ്പള കുടിശിക 3 ഗഡുക്കളായി നൽകും. എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറ്റേറിയം 1000 രൂപ വീതം വർധിപ്പിച്ചു. ഇ-വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഫ്യൂവൽസെൽ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യത്തെ 5 വർഷം മോട്ടർ വാഹന നികുതിയിൽ ഇളവ്. സിഎൻജി, എൽഎൻജി വാറ്റ് നികുതി ഇപ്പോൾ 14.5 ആണ്. ഇത് 5 ശതമാനമായി കുറയ്ക്കും. വ്യവസായ മേഖലയ്ക്ക് ഉണർവ് നൽകാനായി സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ നികുതിയിലും ഇളവ്. 

കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വിപുലമാക്കും. കൊവിഡ് കാലത്ത് തുച്ഛമായ അലവന്‍സിന് വലിയ സേവനം കാഴ്ച വെച്ച ആശാപ്രവര്‍ത്തകരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധവ് വരുത്തും. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്ന് ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. വയനാട് മെഡിക്കൽ കോളജിന് 300 കോടി. 2021-22ല്‍ ഡെന്റല്‍ കോളേജുകള്‍ക്ക് 20 കോടി അനുവദിക്കും. റീജണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി രൂപ അനുവദിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി രൂപ അനുവദിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ 21-22 ല്‍ പൂര്‍ത്തിയാക്കും. 

content highlights: Kerala budget 2021 Updates