ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ശാരീരിക പീഢനത്തിന്റെ തീവ്രത അനുഭിക്കാൻ മനുഷ്യരെ പോലെ മൃഗങ്ങൾക്ക് കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമ പ്രകാരം അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 11(1) (d), 11(1) (e), 11(1) (f),11(1) (h)വകുപ്പുകള്‍, മൃഗസംരക്ഷണ നിയമത്തിന്റെ 6A (4), 6(1) (3), 8(2)വകുപ്പുകള്‍ എന്നിവ പ്രാകരം കുറ്റം ചുമത്തിയ കേസ് പരിഗണിക്കുകയായിരുന്ന ബെഞ്ച് മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനാണ് മൃഗങ്ങൾക്കെതിയുള്ള ക്രൂരത തടയുന്ന നിയമ, മൃഗ സംരക്ഷണ നിയമം എന്നിവ നിർമിച്ചിരിക്കുന്നതെന്നും നിരീക്ഷിച്ചു.
2020 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 പശുക്കളേയും 7 കന്നുകാലികളേയും കാലുകളും കഴുത്തും ബന്ധിച്ച് നിഷ്ഠൂരമായ വിധത്തിൽ കടത്തിയ ട്രക്ക് കേസിലെ പരാതിക്കാരനും പോലീസ് കോൺസ്റ്റബിളുമായ നിതേഷ്ഭായിയും സഹപ്രവർത്തകരും തടഞ്ഞു നിർത്തുകയായിരുന്നു. വാഹനത്തിൽ മൃഗങ്ങൾക്ക് വെള്ളത്തിനോ ഭക്ഷണത്തിനോ ഉള്ള സൌകര്യവും ഒരുക്കിയിരുന്നില്ല. ട്രക്കിന്റെ ഉടമ തന്നെയാണ് വാഹനം ഓടിച്ചിരുന്നതും.
കേസന്വേഷണത്തിനിടെ സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതി ചേർക്കപെട്ടിരുന്നു. അതേസമയം കാലികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രവർത്തിയിലാണ് താൻ ഏർപെട്ടിരിക്കുന്നതെന്നും മൃഗങ്ങളുടെ കശാപ്പിൽ തനിക്ക് പങ്കില്ലെന്നും പ്രതി ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. കൂടാതെ തന്റെ മേൽ ചുമത്തിയിരിക്കുന്ന സമാന കേസ് വ്യാജമാണെന്നും പ്രതി ഹർജിയിൽ ആരോപിച്ചു.
Content Highlights; Animals, Like Human Beings Can Understand Physical Mental Pain Gujarat HC