പ്രതിരോധ വാക്‌സിനുകള്‍ ‘സജ്ഞീവനി’; രണ്ട് കൊവിഡ് വാക്‌സിനു സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ‘സജ്ഞീവനി’ക്ക് തുല്യമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ജനങ്ങള്‍ കിംവതന്തിക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാക്‌സിന്‍ വിതരണോദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ വിതരണത്തിന്റെ സുരക്ഷിതത്വത്തെപ്പറ്റി രാജ്യമെമ്പാടും ചര്‍ച്ചയായ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഷീല്‍ഡും കോവാക്സിനും സുരക്ഷിതമാണെന്ന ഉറപ്പും ഹര്‍ഷ് വര്‍ധന്‍ നല്‍കി. ഫലം കണ്ടതിനു ശേഷമാണ് വിദഗ്ധര്‍ അനുമതി നല്‍കിയതെന്നും ഇരു വാക്സിനുകളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും അദ്ദോഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഈ വാക്സിനുകള്‍ സഞ്ജീവനികളാണ്. പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ രാജ്യം എത്തിച്ചേര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Covid Vaccines are Sanjivani, says union health minister Harsh Vardhan