കെഎസ്ആർടിസിൽ വ്യാപക ക്രമക്കേട് നടത്തുവെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. കെഎസ്ആർടിസി ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
കെഎസ്ആർടിസി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തിൽ നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയത്. പല കെഎസ്ആർടിസി ഡിപ്പോകളിലും ജീവനക്കാർ പലരും ജോലി കൃത്യമായി ചെയ്യുന്നില്ല. ജോലി ചെയ്യാതെ മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്യുന്നു. അവർക്ക് പകരം മറ്റിടങ്ങളിൽ എം പാനലുകാർ ജോലി ചെയ്യുന്നു. പല ഡിപ്പോകളും നടത്തികൊണ്ടുപോകുന്നത് എം പാനലുകാരാണ്. സിഎൻജിയെ എതിർക്കുന്നത് ട്രിപ്പ് ദൂരം കൂട്ടിക്കാണിച്ചുള്ള ഡീസൽ വെട്ടിപ്പ് തുടരാനാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൌണ്ട് മാനേജറായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവിൽ എക്സിക്യട്ടീവ് ഡയറക്ടറാണ് ശ്രീകുമാർ. മറ്റൊരു എക്സിക്യൂടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാവും. കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിൽക്കാനും പാട്ടത്തിന് നൽകാനും തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വികാസ് ഭവൻ ഡിപ്പോ കിഫ്ബിക്ക് പാട്ടത്തിന് നൽകുന്ന നടപടി സുതാര്യമാണ്. കെഎസ്ആർടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരിൽ ആരേയും പിരിച്ചുവിടില്ല. എന്നാൽ ആളുകളെ കുറയ്ക്കേണ്ടിവരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും പിന്നീട് 15000 ആയും 10000 ആയും കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: KSRTC MD made serious allegations against employees