കെഎസ്ആര്‍ടിസി വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; പരസ്യ പ്രസ്താവന പാടില്ലെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ അഴിമതി ജീവനക്കാര്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകറിന്റെ ആരോപണം. പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ബിജു പ്രഭാകറെ വിളിപ്പിച്ച് പരസ്യ പ്രസ്താവന പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കെഎസ്ആര്‍ടിസിയിലെ പരികരണ നടപടിയായ സ്വിഫ്റ്റ് പദ്ധതി തുടരുമെന്ന് ഇന്നലെ തന്നെ ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. പരസ്യ പ്രസ്താവനകള്‍ സര്‍ക്കാര്‍ വിലക്കിയെങ്കിലും, കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച.

ജീവനക്കാര്‍ക്കെതിരെ എംഡി ആരോപണം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് യൂണിയനുകള്‍ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ പരിഷ്ടകരണ നടപടികളെ ഒരു വിഭാഗം തൊഴിലാളികള്‍ എതിര്‍ക്കുന്നതായും തട്ടിപ്പും വെട്ടിപ്പും നടത്തുന്നതായും ബിജു പ്രഭാകര്‍ ആരോപിച്ചു.

2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടി രൂപ കാണാതായ സംഭവത്തില്‍ അന്നത്തെ അക്കൗണ്ട്സ് മാനേജറും ഇന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീകുമാറിന് വീഴ്ച്ചയുണ്ടായെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നത്.

Content Highlight: Biju Prabhakar summoned by CM