താൻ ആർത്തിപ്പണ്ടാരമല്ല; കെപിസിസി പ്രസിഡൻ്റ് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരൻ

K Sudhakaran reaction to KPCC President post

കെപിസിസി പ്രസിഡൻ്റ് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരൻ എംപി. പാർട്ടി ഏൽപ്പിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും താനൊരു ആർത്തിപണ്ടാരമല്ലെന്നും കെ. സുധാകരൻ പറഞ്ഞു.  മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കെപിസിസി പ്രസിഡൻ്റിൻ്റെ താൽകാലിക ചുമതല നൽകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ചുമതല ഏൽപ്പിച്ചാൽ സത്യസന്ധമായി അത് നിറവേറ്റും. അതല്ലാതെ കെപിസിസി പ്രസിഡൻ്റാകാൻ ആർത്തിപ്പണ്ടാരമായി ആരുടെ മുന്നിലും കെെനീട്ടിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി മത്സരിക്കുമ്പോൾ കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിവുവരുമെന്നും അത് ഹെെക്കമാൻ്റ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ഉമ്മൻചാണ്ടിയുടെ വരവ് ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്. ജനമനസുകളിലുള്ള നേതാവിനൊപ്പം ഒറ്റക്കെട്ടായി പാർട്ടി തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകുകയാണെന്നും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നവർ നിരാശരാകുമെന്നും കെ സുധാകരൻ പറഞ്ഞു. 

content highlights: K Sudhakaran reaction to KPCC President post