നിയമസഭ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. മത്സരിക്കുന്ന കാര്യം സംബന്ധിച്ച് മുല്ലപ്പള്ളി ഹെെക്കമാൻഡുമായി ചർച്ച നടത്തി. വയനാട് കൽപറ്റയിലോ അല്ലെങ്കിൽ കോഴിക്കോടോ മത്സരിക്കാനാണ് സാധ്യത. വടക്കൻ കേരളത്തിൽ മുല്ലപ്പള്ളി മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേട്ടമുണ്ടാക്കാമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. കാലങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന കൽപ്പറ്റയിൽ നിന്ന് ജനവിധി തേടാനാണ് മുല്ലപ്പള്ളിക്ക് താൽപര്യം.
രാഹുൽഗാന്ധി എംപിയായ വയനാട് ലോക്സഭ മണ്ഡലത്തിലെ ഭാഗമാണ് കൽപ്പറ്റ. കൽപ്പറ്റ ലഭിച്ചില്ലെങ്കിൽ കോഴിക്കോട് മത്സരിക്കും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയാണ് ഇക്കുറി കോൺഗ്രസിൻ്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എകെ ആൻ്റണി ഉൾപ്പെടെ മുതിർന്ന നേതാക്കളും പ്രചാരണ രംഗത്ത് സജീവമാകും. ജനപിന്തുണയും ജയസാധ്യതയുമുള്ള യുവാക്കൾ, സ്ത്രീകൾ എന്നിവർക്കൊപ്പം മുതിർന്ന നേതാക്കളേയും അണിനിരത്തിയാകും കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക.
content highlight: Mullappally Ramachandran will contest in Kerala Legislative Assembly Election 2021