കൊവിഡ് വിവര വിശകലനത്തിനായി സ്പ്രിംക്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത് ഐടി വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ ചീഫ് സെക്രട്ടറി ട്രോം ജോസോ അറിയാതെയാണെന്ന് അന്വേഷണ റിപ്പോർട്ട്. സ്പ്രിംക്ലർ തയാറാക്കിയ കരാർരേഖ ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു. അതുവഴി പൊതുജനങ്ങളുടെ വിവരങ്ങൾക്കുമേൽ കമ്പനിക്ക് സമ്പൂർണ അവകാശം നൽകുന്ന സ്ഥിതിയുണ്ടായെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരുടെ സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. വിവരാകാശ നിയമപ്രകാരം അപേക്ഷിച്ച് മുന്നാം തവണയാണ് റിപ്പോർട്ട് നൽകാൻ പൊതുഭരണ വകുപ്പ് തയാറായത്.
റിപ്പോർട്ടിൽ ശിവശങ്കറിനെതിരെ രൂക്ഷ വിമർശനമാണുള്ളത്. എല്ലാം തീരുമാനിച്ചത് ഐടി സെക്രട്ടറിയായ ശിവശങ്കറാണ്. കരാർ നടപ്പാക്കിയവർക്ക് സാങ്കേതിക നിയമ വെെദഗ്ധ്യം വേണ്ടത്രയില്ല. കരാർ വ്യവസ്ഥ ദുരുപയോഗ സാധ്യതയുള്ളതാണ്. മുഖ്യമന്ത്രി പോലുമറിയാതെ കരാർ ഒപ്പിട്ടത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്. പ്ലാറ്റ്ഫോമിൻ്റെ ശേഷിയും സുരക്ഷയും പരിശോധിച്ചില്ല. യുഎസിലെ കോടതിയുടെ പരിധിയിലായതിനാൽ സ്പ്രിംക്ലറിനെതിരെ നടപടി ദുഷ്കരമാകുമെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയത്.
വിഷയത്തിൽ ആരോഗ്യ വകുപ്പിന് പോലും അറിവുണ്ടായിരുന്നില്ല. സ്പ്രിംക്ലർ വിവാദം സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചർച്ച നടന്നിട്ടില്ലെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ വിദഗ്ധ സമിതിയോട് വെളിപ്പെടുത്തി. കൊവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട് പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനായിരിക്കുമെന്നും ഐ.ടി വകുപ്പിന് സഹായ റോളില്‍ മാത്രമായിരിക്കും പ്രാതിനിധ്യമെന്നും ഫയലിൽ വ്യക്തമായിരുന്നതായും ഖോബ്രഗഡെ സമിതിയെ അറിയിച്ചു.
content highlights: Sprinkler controversy; Shivashankar did everything himself, CM did not know anything- an expert committee