തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി ഇബ്രാഹിംകുഞ്ഞ്; മണ്ഡലത്തില്‍ മകനെ ഇറക്കാന്‍ നീക്കം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിഛായ തകര്‍ന്നതോടെ ഇക്കുറി മത്സരിക്കാനില്ലെന്നുറച്ച് വി കെ ഇബ്രാഹിം കുഞ്ഞ്. തുടര്‍ച്ചയായ രണ്ട് വര്‍ഷം കളമശ്ശേരി മണ്ഡലം നിലനിര്‍ത്തിയ ചരിത്രമുണ്ടായിരുന്നെങ്കിലും പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായതോടെ തിരിച്ചടി നേരിട്ടേക്കുമെന്ന ഭയത്തിലാണ് മത്സരത്തില്‍ നിന്ന് ഇബ്രാഹിം കുഞ്ഞ് പിന്മാറിയത്. മണ്ഡലത്തില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അബ്ദുല്‍ ഗഫൂറിന്റെ പേരാണ് പരിഗണനയിലുള്ളത്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും മത്സരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായെന്നാണ് സൂചന. പാലാരിവട്ടം പാലം അവിമതി ചര്‍ച്ചയാകാതിരിക്കാന്‍ മുസ്ലീംലീഗിന്റെ പരിധിയിലുള്ള സീറ്റ് കോണ്‍ഗ്രസുമായി വെച്ചു മാറുന്നതിനെക്കുറിച്ചും മുന്നണിയില്‍ ആലോചനയുണ്ട്. വിജയസാധ്യതയുള്ള സീറ്റ് കളഞ്ഞു കുളിക്കരുതെന്നാണ് മുന്നണിയിലെയും അഭിപ്രായം. ഇബ്രാഹിംകുഞ്ഞ് നിര്‍ദ്ദേശിക്കുന്നയാള്‍ തന്നെയാരിക്കും കളമശ്ശേരിയില്‍ മത്സരത്തിനിറങ്ങുക.

മലബാറിലെ ഏതെങ്കിലും സീറ്റ് കോണ്‍ഗ്രസുമായി വച്ച് മാറുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും എറണാകുളത്ത് ലീഗ് സാന്നിധ്യം കുറയുന്നതിനാല്‍ പാര്‍ട്ടി അതൃപ്തി അറിയിച്ചു. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന ജസ്റ്റിസ് കമാല്‍ പാഷ അറിയിച്ചെങ്കിലും ലീഗിനും കോണ്‍ഗ്രസിനും താല്‍പര്യമില്ല. ജില്ലയില്‍ നിന്നുള്ള മറ്റ് ലീഗ് നേതാക്കളുടെ പേരും പരിഗണനയിലാണ്.

Content Highlight: V K Ebrahim Kunj will not contest in Assembly Election