മസിനഗുഡിയില്‍ ടയറില്‍ പെട്രോളൊഴിച്ച് തീകൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു

തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീകൊളുത്തിയെറിഞ്ഞ ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങിയാണ് ആനയ്ക്ക് പരിക്കേറ്റത്. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. കത്തിയ ടയര്‍ ആനയുടെ ഇടത് ചെവിയില്‍ കൊരുത്തു കിടന്നു.

അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തീര്‍ത്തും അവശനായ നിലയില്‍ മുതുമല വന്യജീവി സങ്കേതത്തിന് സമീപം കണ്ട കാട്ടാനയ്ക്ക് വിദഗ്ദ ചികിത്സ നല്കാന്‍ വനം വകുപ്പ് കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാന ചെരിഞ്ഞത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊളളലേറ്റ് രക്തം വാര്‍ന്നാണ് മരണമെന്ന വിവരം പുറത്ത് വന്നതോടെയാണ് അന്വേഷണം ആരംഭിച്ചു. 

ഇന്ന് കാട്ടാനയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ പ്രതികളെയും വനം വകുപ്പ് കണ്ടെത്തി. റിസോര്‍ട്ട് ജീവനക്കാരായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് വേണ്ടിയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാട്ടാനയെ ആക്രമിച്ചതില്‍ പ്രദേശവാസികളായ കൂടുതല്‍ പേരുണ്ടെന്നാണ് വനം വകുപ്പ് നിഗമനം. 

content highlights: Elephant Dies as Tamil Nadu Resort Workers Throw Burning Tyre at It