ഐഎംഎഫ് മേധാവി ഗീത ഗോപിനാഥിനെതിരെ ‘ലൈംഗികച്ചുവയുള്ള’ പരാമർശം നടത്തിയ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം. കോൻ ബനേഗ ക്രോർപതി പരിപാടിയിലായിരുന്നു ബച്ചന്റെ പരാമർശം. ഗീതയുമായി ബന്ധപ്പെട്ട് മത്സരാർത്ഥിയോട് ഉന്നയിച്ച ചോദ്യമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ഗീത തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ഇതൊരിക്കലും തരണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ബിഗ്ബിയുടെ വലിയ ആരാധിക എന്ന നിലയിൽ, എല്ലാ കാലത്തെയും മഹാൻ എന്ന നിലയിൽ, ഇതെനിക്ക് സവിശേഷമാണ്’ എന്ന കുറിപ്പോടു കൂടിയാണ് ഗീത ഗോപിനാഥ് വീഡിയോ ഷെയർ ചെയ്തത്.
‘ഈ ചിത്രത്തിൽ കാണുന്ന സാമ്പത്തിക ശാസ്ത്രജ്ഞ 2019 മുതൽ ഏതു സംഘടനയുടെ മുഖ്യ ഉപദേഷടാവാണ്’ എന്നായിരുന്നു ചോദ്യം. ചോദ്യത്തോടൊപ്പം ‘ഇങ്ങനെയൊരു മനോഹരമായ മുഖം സമ്പദ് വ്യവസ്ഥയുമായി ബന്ധമൊന്നുമില്ല’ എന്നും ബച്ചൻ കൂട്ടിച്ചേർത്തു. ഈ പരാമർശത്തിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്. സുന്ദരികളായ സ്ത്രീകൾക്ക് സാമ്പത്തിക ശാസ്ത്രജ്ഞ ആയിക്കൂടേ എന്നാണ് വിമർശകർ ഉന്നയിക്കുന്നത്. അതേസമയം, ഗീതയുടെ ട്വീറ്റിന് ബച്ചൻ മറുപടിയും നൽകി. നന്ദി ഗീത ഗോപിനാഥ് ജി, ഷോയിൽ പറഞ്ഞ വാക്കുകൾ എല്ലാം അങ്ങേയറ്റം ആത്മാർത്ഥതയോടെ പറഞ്ഞതാണ് എന്നായിരുന്നു ബച്ചന്റെ മറുപടി.
Content Highlights; big-b-under-scruitny-by-netizens-after-remark-on-gita-gopinath