വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം; റിസോർട്ട് അടച്ചുപൂട്ടാന്‍ കളക്ടറുടെ നിര്‍ദേശം

District collector against Meppady resort 

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളില്‍ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ അദീലാ അബ്ദുള്ള വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുണ്ടെന്നാണ് മനസിലാക്കുന്നത്. തഹസില്‍ദാരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം കളക്ടര്‍ അറിയിച്ചു. അതേസമയം, ഹോം സ്‌റ്റേയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. വനമേഖലയില്‍ മൃഗശല്യം രൂക്ഷമായ സ്ഥലത്താണ് ടെന്റ് കെട്ടിയിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഓമന പറയുന്നു.

സ്ഥാപനത്തിന്റെ പ്രവര്‍ത്താനാനുമതി റദ്ദാക്കും. വന്യമൃഗ ശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍, ഹോം സ്റ്റേ ലൈസന്‍സ് ഉണ്ടെന്നും ടെന്റുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നുമാണ് ഹോം സ്റ്റേ ഉടമയുടെ പ്രതികരണം.

യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴിയാണ് ആന ആക്രമിച്ചത്. ഇന്നലെ 30 പേരുണ്ടായിരുന്നു. മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യമില്ലെന്നുമാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താറാണ് (26) കാട്ടാന ആക്രമണത്തില്‍ മരിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

content highlights: District collector against Meppady resort