മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനത്തിന് 1939 ൽ തയ്യാറാക്കിയ കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ ആണ് തമിഴ്നാട് ആശ്രയിക്കുന്നത് എന്ന് കേരളം സുപ്രീം കോടതിയിൽ. പുതിയ ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ ഇല്ലാത്തത് പ്രളയകാലത്ത് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അണക്കെട്ടിന്റെ റൂൾ കെർവ്വ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ എന്നിവ തയാറാക്കി നടപ്പിലാക്കുന്നതിൽ വലിയ താമസം ഉണ്ടാകുന്നത് അപകടസാധ്യത വർധിപ്പിയ്ക്കുന്നു എന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്ര ജലകമ്മിഷൻ ഇൻസ്ട്രുമെന്റേഷൻ ഡയറക്ടർ സുനിൽ ജയിൻ നടത്തിയ പരിശോധനയിൽ അണക്കെട്ടിലെ 70 ശതമാനം ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയതായും സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ തയ്യാറാക്കണം എന്ന് 2014 മുതൽ കേരളം സുപ്രീം കോടതി നിയമിച്ച മേൽനോട്ട സമിതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പുതിയ ഷെഡ്യൂൾ തയ്യാറാക്കി അതിന്റെ കരട് കേരളത്തിന് കൈമാറാൻ സമിതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം തമിഴ്നാട് ഇതുവരെയും പാലിച്ചിട്ടില്ല എന്നാണ് കേരളത്തിന്റെ ആരോപണം.
അന്തിമ ഓപ്പറേഷൻ ഷെഡ്യൂൾ തയ്യാറാകുന്നതിന് മുമ്പ് മുല്ലപെരിയാർ അണക്കെട്ടിന്റെ കീഴ് ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ, മേൽനോട്ട സമിതി കണക്കിലെടുക്കണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ മുഴുവൻ വിവരണങ്ങളും തമിഴ്നാട് കൈമാറണം. ഇത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായകരമാകും എന്നും കേരളത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
മുല്ലപെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫും, കോതമംഗലം ബ്ളോക്ക് പഞ്ചായത്തിലെ അംഗങ്ങൾ ആയ ഷീല കൃഷ്ണൻകുട്ടി, ജെസ്സി മോൾ ജോസ് എന്നിവർ നൽകിയ റിട്ട് ഹർജിയിൽ ആണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. പഴക്കം ഉള്ള അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിന് ഭൂകമ്പം രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതാണെന്നും അണക്കെട്ടിൽ അടിയന്തരമായി രണ്ട് സീസ്മോ ആക്സിലോ ഗ്രാഫുകൾ സ്ഥാപിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര ജലകമ്മിഷൻ അടിയന്തര നടപടി എടുക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: Kerala files affidavit on Mullaperiyar Dam Issue