ഇന്ത്യയിലെ മുല്ലപ്പെരിയാർ ഉൾപ്പെടെ ആയിരത്തോളം അണക്കെട്ടുകൾ ഭീഷണിയാകുന്നു; യു.എൻ. റിപ്പോർട്ട്

Thousands Of Ageing Dams In India A Growing Threat: UN Report

മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തെ വളരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യു.എന്നിൻ്റെ മുന്നറിയിപ്പ്. 2025 ആകുമ്പോൾ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ഈ കാലപരിധി പിന്നിടും. യു.എൻ. സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താണ് ‘പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.

മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ്. ഘടനാപരമായ പ്രശ്നങ്ങളുണ്ട്. കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കവിഷയമാണിതെന്നും റിപ്പോർട്ട് പറയുന്നു. 2025-ഓടെ 50 വർഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 2050-ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകൾക്ക് 2050-ഓടെ 150 വർഷം വർഷം പഴക്കമാകും.

ലോകത്തെ ഏറ്റവും വലിയ 58,700 അണക്കെട്ടുകളിൽ ഭൂരിഭാഗവും 1930-നും 1970-നുമിടയിൽ നിർമിച്ചവയാണ്. 50മുതൽ 100വരെ വർഷം കാലാവധിയുള്ളവയാണവ. 20-ാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു അണക്കെട്ടുനിർമാണവിപ്ലവം ലോകത്തുണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാകുന്നു. അണക്കെട്ടുകളുടെ ഒഴുക്കുദിശകളിലായിരിക്കും 2050-ഓടെ ലോകത്തെ ഭൂരിഭാഗം ആളുകളും താമസിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

content highlights: Thousands Of Ageing Dams In India A Growing Threat: UN Report