മുൻ ഇന്ത്യൻ ഗോൾ കീപ്പർ പ്രശാന്ത് ഡോറ അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2020 ഡിസംബറിൽ ഹീമോഫാഗോസെറ്റിക് ലിംഫോഹിസ്റ്റിയോസെറ്റോസിസ് (എച്ച്.എൽ.എച്ച്) എന്ന രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അർബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗം.
താരത്തിന്റെ സഹോദരൻ ഹേമന്ദ ഡോറയാണ് മരണ വിവരം അറിയിച്ചത്. ഭാര്യ സൌമിയും 12 വയസ്സുകാരൻ മകൻ ആദിയുമാണ് പ്രശാന്തയ്ക്കുള്ളത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് തുടങ്ങി കൊൽക്കത്തിയിലെ മൂന്ന് മുൻനിര ക്ലബ്ബുകളുടെ ഗോൾവല കാത്തു സൂക്ഷിച്ച താരമാണ് പ്രശാന്ത് ഡോറ.
1999 ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ തായ്ലൻഡിനെതിരെ നടന്ന ഹോം മത്സരത്തിലാണ് പ്രശാന്ത ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സാഫ് ഗെയിംസിൽ ഇന്ത്യക്കായി അഞ്ച് മത്സരങ്ങൾ കളിച്ചു. 1997-98, 1999 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിൽ അംഗമായിരുന്ന അദ്ധേഹം മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപെട്ടിരുന്നു.
Content Highlights; Former India Goalkeeper Prasanta Dora Dies Of Rare Disease