ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെ ഏറ്റവും വലുതും കടല്‍ തീരത്തിന് മുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയാണിത്.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതും കൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.

ദേശീയപാത 66-ല്‍ (പഴയ എന്‍.എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം. 1990ലാണ് ബൈപ്പാസ് നിര്‍മാണം ആരംഭിച്ചത്. പല കാരണങ്ങളാല്‍ പണി നീളുകയായിരുന്നു.

Content Highlight: Alappuzha Bypass opened