സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പരാതി; ലോഗോ മാറ്റി മിന്ത്ര

ന്യൂഡല്‍ഹി: സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര വെബ്‌സൈറ്റായ മിന്ത്ര ലോഗോ മാറ്റി. കമ്പനിയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനിയും അവേസ്ത ഫൗണ്ടേഷന്‍ പ്രവര്‍ത്തകയുമായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയത്. സ്ത്രീ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന ലോഗോ മാറ്റിയില്ലെങ്കില്‍ മിന്ത്രക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു നാസ് പട്ടേലിന്റെ നിലപാട്.

കമ്ബനിയുടെ പേരിന്റെ ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമായ ‘എം’ പ്രത്യേക നിറങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗാ. നഗ്‌നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നതാണ് ലോഗോയെന്നാണ് പട്ടേല്‍ ഉയര്‍ത്തിയ വിമര്‍ശനം. കഴിഞ്ഞ ഡിസംബറിലായിരുന്നു അവര്‍ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട പൊലീസ് കമ്പനി അധികൃതരോട് ഇ-മെയിലിലൂടെ വിശദീകരണം തേടിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ലോഗോ മാറ്റാന്‍ കമ്പനി സമ്മതിച്ചെന്ന് മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ പറഞ്ഞു. നിലവില്‍ വൈബ്‌സൈറ്റിലുള്ള ലോഗോ മിന്ത്ര മാറ്റിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സേവനങ്ങളിലും മാറ്റം വരുത്താന്‍ ഒരുമാസത്തെ സമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. 2007ല്‍ ബംഗളൂരു ആസ്ഥാനമായാണ് ഫാഷന്‍, ഇ-കൊമേഴ്‌സ് കമ്ബനിയായ മിന്ത്ര സ്ഥാപിക്കപ്പെട്ടത്. 2014 ല്‍ ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫ്‌ളിപ്കാര്‍ട്ട് മിന്ത്രയെ ഏറ്റെടുക്കുകയായിരുന്നു.

Content Highlight: Mynthra to change logo