ബെംഗളൂരു: തമിഴ്നാട് രാഷ്ട്രീയം ഇനി വികെ ശശികലയുടെ കരങ്ങളാല്‍ നിയന്ത്രിക്കപ്പെടുമോ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ് ശശികലയുടെ മടങ്ങിവരവ്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയ അവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായതോടെ ഇന്ന് ആശുപത്രി വിട്ടു. എഐഎഡിഎംകെയുടെ കൊടിവച്ച കാറിലാണ് ബെംഗലൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ശശികല പുറത്തേക്ക് പോയത്. പാര്‍ട്ടിയില്‍ പിടി മുറുക്കാനുള്ള നീക്കം നടത്തുമെന്ന സൂചനയാണ് കാറില്‍ പതാക വച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജയലളിതയുടെ മരണ ശേഷം എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വികെ ശശികല ചുമതലയേറ്റിരുന്നു. അധികം വൈകാതെയാണ് അവര്‍ക്കെതിരായ വിചാരണ കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചത്. തുടര്‍ന്ന് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ പോകുന്നതിന് മുമ്പ് പാര്‍ട്ടിയുടെ നേതൃത്വം ഒ പന്നീര്‍ശെല്‍വത്തെയും എടപ്പാടി പളനിസ്വാമിയെയും ഏല്‍പ്പിച്ചിരുന്നു. 2017 ല്‍ തുടങ്ങിയ ജയില്‍വാസം 2021ല്‍ അവസാനിച്ച് പുറത്തിറങ്ങുമ്പോള്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടം കൂടിയാണ് എന്നതാണ് ശ്രദ്ധേയം.
ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശശികലയെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒരാഴ്ച കൂടി ബെംഗളൂരുവില്‍ തന്നെ തങ്ങുമെന്നാണ് വിവരം. ശേഷമായിരിക്കും ചെന്നൈയിലേക്ക് പോകുക. ചെന്നൈയില്‍ വലിയ സ്വീകരണമാണ് ശശികയ്ക്ക് നല്‍കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന സൂചന കൊടിവച്ച കാറില്‍ യാത്ര ചെയ്തതിലൂടെ ശശികല നല്‍കി കഴിഞ്ഞു.
Content Highlight: Shashikala leaves hospital; Travel in the flagship car of AIADMK, enthusiastically lined up