കണ്ണൂര്‍: തളിപറമ്പില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വന്‍ ആള്‍ക്കൂട്ടം. കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ തിക്കിത്തിരക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.
ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ആരോഗ്യ മന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തളിപ്പമ്പില്‍ നടക്കുന്ന അദാലത്തിലാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായത്. മാസ്ക് ധരിച്ചിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് നൂറുകണക്കിനു പേര് ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവര്‍ക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആള്ക്കാര് കൂട്ടംകൂടി നില്‍ക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
ആലപ്പുഴ എടത്വായില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം എത്തിയതും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയില്‍ ആളുകള്‍ തിക്കിത്തിരക്കിയതും വന്‍ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് നേരെയും വിമര്‍ശനമുയരുന്നത്.
Content Highlights: Serious Covid protocol violation in Kannur