ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശവും അതിക്രമങ്ങളും അന്വേഷണ വിധേയമാക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി. വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമില്ലെന്ന ഇസ്രായേൽ നിലപാട് നില നിൽക്കെയാണ്, അധിനിവേശ ഫലസ്തീൻ തങ്ങളുടെ അധികാര പരിധിയിൽ വരുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്യക്തമാക്കിയത്. 2014ലെ അമ്പത് ദിവസം നീണ്ട ഗാസ യുദ്ധം ഉൾപ്പെടെ, ഇസ്രായേല്‍ ഫലസ്തീനിൽ നടത്തുന്ന അധിനിവേശ പ്രവർത്തനങ്ങളെ കുറിച്ച് ഐ.സി.സിയുടെ മുഖ്യ പ്രോസിക്യൂട്ടറായ ഫാറ്റൂ ബെൻസോദയുടെ ആറു വർഷം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണം വരുന്നത്.
ഒരു വർഷം മുമ്പാണ്, ഫലസ്തീൻ അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയിൽ വരുമോ എന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്ന് ഫാറ്റൂ ബെൻസോദ ആവശ്യപ്പെട്ടത്. അതേസമയം അന്താരാഷ്ട്ര ക്രിമിനൽ കോടതി ഒരു നിയമ സ്ഥാപനം എന്നതിനെ മറികടന്ന്, രാഷ്ട്രീയ ഇടപെടലുകളിലേക്ക് കടക്കുന്നതിന്റെ തെളിവാണ് ഇത്തരമൊരു പ്രഖ്യാപനം എന്ന് ഇസ്രായേൽ ആരോപിച്ചു. യഥാർത്ത യുദ്ധ കുറ്റകൃത്യങ്ങള്‍ കാണാതെ, ജനാധിപത്യ രാജ്യമായ ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഐ.സി.സി എന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ‘സെമിറ്റിക് വിരോധ’മാണ് കോടതിയുടെ നിരീക്ഷണത്തിൽ വ്യക്തമാകുന്നത്. സിറിയയിലും ഇറാനിലുമൊക്കെ നടക്കുന്ന ഏകാധിപത്യത്തെയും കുറ്റകൃത്യങ്ങളെയും അതിക്രമണങ്ങളെയും കുറിച്ച് അന്വേഷിക്കാൻ അവർ തയ്യാറാകുന്നില്ല എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Content Highlights; International Criminal Court rules it has jurisdiction in Palestinian territories